
സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന് നടി തനുശ്രീ ദത്ത. വിഡിയോ സന്ദേശത്തിലൂടെയാണ് ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം താൻ നേരിടുന്ന പീഡനത്തെ കുറിച്ച് പറയുന്നത്. 2018 മുതൽ താൻ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തിയ തനുശ്രീ, താൻ പൊലീസിന്റെ സഹായം തേടിയതായും വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച രാത്രിയാണ് തന്റെ ദുരിതങ്ങൾ തുറന്നു പറയുന്ന വീഡിയോ താരം പങ്കുവെച്ചത്. മീ ടൂ വിവാദത്തിൽ ശക്തമായ നിലപാടെടുത്തത് മുതൽ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്ന് അവർ പറഞ്ഞു. തന്റെ വീട്ടിലെ അനാവശ്യമായ കടന്നുകയറ്റങ്ങളെക്കുറിച്ച് ഔദ്യോഗികമായി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും കണ്ണീരോടെ അവർ പറഞ്ഞു.
"സുഹൃത്തുക്കളെ, ഞാൻ എന്റെ സ്വന്തം വീട്ടിൽ ഉപദ്രവിക്കപ്പെടുകയാണ്. പീഡിപ്പിക്കപ്പെടുന്നു. ഞാൻ പൊലീസിനെ വിളിച്ചു. സ്റ്റേഷനിലെത്തി കൃത്യമായ പരാതി നൽകാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ന് സുഖമില്ല. നാളെ പോയി പരാതി നൽകും. കഴിഞ്ഞ 4-5 വർഷമായി എന്നെ വളരെയധികം ഉപദ്രവിച്ചു. എന്റെ ആരോഗ്യം മോശമായി. എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല.
എന്റെ വീട് ആകെ അലങ്കോലമായി കിടക്കുകയാണ്. എനിക്ക് വീട്ടുജോലിക്കാരെ നിയമിക്കാൻ പോലും കഴിയില്ല. കാരണം അവർ എന്റെ വീട്ടിൽ ജോലിക്കാരെ നിയോഗിച്ചു... ജോലിക്കാർ വന്ന് മോഷ്ടിക്കുന്നു. തോന്നുന്നതു പോലെ പ്രവർത്തിക്കുന്നു. വളരെ മോശം അനുഭവങ്ങൾ എനിക്കുണ്ടായി. എന്റെ എല്ലാ ജോലികളും ഞാൻ തന്നെ ചെയ്യണം. എന്റെ സ്വന്തം വീട്ടിൽ ഞാൻ ബുദ്ധിമുട്ടുകയാണ്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ." - നടി പറയുന്നു.
പശ്ചാത്തലത്തിൽ ചില ശബ്ദങ്ങൾ കേൾക്കുന്ന മറ്റൊരു വിഡിയോയും തനുശ്രീ പങ്കുവച്ചിട്ടുണ്ട്. '2020 മുതൽ മിക്കവാറും എല്ലാ ദിവസവും അസമയത്ത് ഇതുപോലുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങളും എന്റെ മേൽക്കൂരയ്ക്ക് മുകളിലും വാതിലിന് പുറത്തും വളരെ ഉച്ചത്തിലുള്ള മുട്ടലുകളും ഞാൻ നേരിട്ടിട്ടുണ്ട്! ബിൽഡിംഗ് മാനേജ്മെന്റിനോട് പരാതിപ്പെട്ട് ഞാൻ മടുത്തു, കുറച്ച് വർഷങ്ങൾക്ക് മുൻപ് അത് ഉപേക്ഷിച്ചു'.- തനുശ്രീ വിഡിയോയ്ക്കൊപ്പം കുറിച്ചു.
താൻ ക്രോണിക് ഫെറ്റീഗ് സിൻഡ്രോം എന്ന രോഗാവസ്ഥയിലാണെന്നും മാനസികാരോഗ്യം നിലനിർത്താൻ മന്ത്രങ്ങൾ ജപിക്കാറുണ്ടെന്നും ദത്ത അവകാശപ്പെട്ടു. 'ഇന്ന് എനിക്ക് ഒട്ടും സുഖമില്ലായിരുന്നു, നിങ്ങൾക്കറിയാവുന്നതുപോലെ കഴിഞ്ഞ 5 വർഷമായി നിരന്തരമായ സമ്മർദ്ദവും ഉത്കണ്ഠയും നേരിട്ടതിന്റെ ഫലമായി എനിക്ക് ക്രോണിക് ഫെറ്റീഗ് സിൻഡ്രോം ഉണ്ടായി. ഞാൻ എന്താണ് നേരിടുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എഫ്ഐആറിൽ ഞാൻ ഇനിയും ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും തനുശ്രീ പറഞ്ഞു.
ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന തനുശ്രീ ദത്ത ആഷിഖ് ബനായ എന്ന ഒറ്റ ചിത്രത്തിലൂടെ വൻ തരംഗമാണ് സൃഷ്ടിച്ചത്. പിന്നീട് ഡോൽ, ഭാഗം ഭാഗ്, ഗുഡ് ബോയ് ബാഡ് ബോയ് തുടങ്ങിയ സിനിമകൾ തനുശ്രീയുടെ ആരാധക വൃന്ദത്തെ ബലപ്പെടുത്തി. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടൻ നാന പട്നേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് തനുശ്രീ വീണ്ടും വർത്തകളിൽ നിറഞ്ഞത്.











